കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് കോണ്‍ഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎല്‍എയുമായ കെ. ബാബു കൂടുതൽ സമയം തേടി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് 28ലേക്കു മാറ്റി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമ (പിഎംഎല്‍എ) പ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണു കേസ് പരിഗണിക്കുന്നത്. ഹാജരാകാന്‍ അസൗകര്യമുള്ളതായി ബാബുവിന്റെ അഭിഭാഷകന് അറിയിക്കുകയായിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായാണു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കേസില്‍ നേരത്തേ കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. എംഎല്‍എ, മന്ത്രി പദവികളിലിരിക്കെ 2007 മുതല്‍ 2016 വരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു നടപടി.
2020 ജനുവരിയില്‍ കൊച്ചിയിലെ ഓഫീസില്‍ കെ. ബാബുവിനെ ഇഡി ചോദ്യം ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കഴിഞ്ഞദിവസം കെ. ബാബു പ്രഖ്യാപിച്ചിരുന്നു.